‘കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറി, ക്രമസമാധാനനില തകർന്നു’: കെ.സുരേന്ദ്രൻ
സംസ്ഥാനത്ത് ക്രമസമാധാനനില പൂർണമായും തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നതാണ്.
സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്. ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തിൽ അഴിഞ്ഞാടുകയാണ്. സാധാരണക്കാരുടെ സ്വൈര്യജീവിതത്തിന് തടസം നിൽക്കുന്ന ശക്തികളെ സർക്കാർ സംരക്ഷിക്കുകയാണ്. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുകയാണ്. രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടക്കുന്ന സംസ്ഥാനമായി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുന്നു.
ആദിവാസികളും ദളിതരും എല്ലാ ദിവസവും ആക്രമിക്കപ്പെടുകയാണ്. സിപിഐഎം തന്നെയാണ് എല്ലാ സാമൂഹ്യവിരുദ്ധ ശക്തികളെയും സംരക്ഷിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ആർക്കും നിയമം കയ്യിലെടുക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.